English| മലയാളം

പൊന്നാനി വലിയ ജുമുഅത്ത് പള്ളി

 കേരളത്തിലെ മുസ്ലിം പള്ളികളിൽ ചരിത്രപ്രാധാന്യം അർഹിക്കുന്ന ഒരു പള്ളിയാണ് മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സ്ഥിതി ചെയ്യുന്ന പൊന്നാനി വലിയ ജുമുഅത്ത് പള്ളി ഒരു കാലത്ത് മലബാറിലെ 'ചെറിയ മക്ക' എന്ന വിശേഷിപ്പിക്കപ്പെട്ടിരുന്ന പൊന്നാനിയുടെ വൈജ്ഞാനിക രംഗത്ത് ഈ ജുമുഅത്ത് പള്ളി സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. അക്കാലത്ത് പൊന്നാനിയിൽ വിജ്ഞാനം തേടിയെത്തുന്നവരുടെ ആസ്ഥാനവും ഈ പള്ളിയായിരുന്നു. ക്രിസ്തുവർഷം 1510 (ഹിജ്റ 925-ൽ) ശൈഖ് സൈനുദ്ദീൻ നിർമ്മിച്ചതാണ് പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളി എന്ന് വില്യം ലോഗന്റെ മലബാർ മന്വലിന്റെ രണ്ടാം ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.[1] ഹിജ്റ 925ന് തുല്യമായ ക്രിസ്തുവർഷം 1519 ആയതിനാൽ ആ വർഷത്തിലാണ് നിർമ്മാണം നടന്നിട്ടുണ്ടാവുക എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. പള്ളിയുടെ നിർമ്മാതാവായ വലിയ സൈനുദ്ദീൻ മഖ്ദൂം എന്നു വിളിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ ഇബ്നുഅലി ഇബ്നുഅഹ്മദ് മഅബരി ക്രിസ്തുവർഷം 1522 ജൂലൈയിൽ മരണപ്പെട്ടതിനാൽ അതിനു മുമ്പ് പള്ളിയുടെ നിർമ്മാണം പൂർത്തീകരിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. 90 അടി നീളവും 60 അടി വീതിയുമുള്ളതാണ് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഉൾഭാഗം