English| മലയാളം

ആമുഖം

മലപ്പുറം ജില്ലയില്‍ പൊന്നാനി താലൂക്കിലാണ് പൊന്നാനി നഗരസഭ സ്ഥിതി ചെയ്യുന്നത്. പൊന്നാനി, ഈഴുവത്തിരുത്തി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന പൊന്നാനി നഗരസഭയ്ക്ക് 9.32 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. വടക്കുഭാഗത്ത് പുറത്തൂര്‍ പഞ്ചായത്തും, കിഴക്കുഭാഗത്ത് തനനൂര്‍, എടപ്പാള്‍ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മാറഞ്ചേരി, വെളിയങ്കോട് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് അറബിക്കടലുമാണ് പൊന്നാനി നഗരസഭയുടെ അതിരുകള്‍. ഈ ഭൂപ്രദേശം നൂറ്റാണ്ടുകള്‍ക്കു മുമ്പ് കടല്‍ പിന്‍വാങ്ങിയുണ്ടായ കരപ്രദേശമാണെന്ന് കരുതുന്നു. അറബിക്കടലോരത്തെ ഈ പട്ടണപ്രദേശത്ത് വനമോ, ചതുപ്പോ, പാറയോ, കുന്നുകളോ ഇല്ല. കൂടുതലും മണലും, ചളിമണ്ണും, മണല്‍ കലര്‍ന്നതുമായ മണ്ണുമാണ് കാണപ്പെടുന്നത്. ഭൂപ്രകൃതിയുടെ അടിസ്ഥാനത്തില്‍ നഗരസഭയെ കടലോരം, പുഴയോരം, കനാല്‍ തീരം എന്നിങ്ങനെ മൂന്നായി തരം തിരിക്കാം. ഉദ്ദേശം ഏഴു കിലോമീറ്റര്‍ നീളത്തിലുള്ള കടലോരം ഈ നഗരപ്രദേശത്തുണ്ട്. കേരളത്തിലെ ഏറ്റവും വലിയ നദികളിലൊന്നായ ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്നത് പൊന്നാനിയില്‍ വച്ചാണ്. ഭാരതപ്പുഴ ഏകദേശം രണ്ടു കിലോമീറ്റര്‍ ദൂരത്തോളം പൊന്നാനിയിലൂടെയാണ് ഒഴുകുന്നത്. നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട്, ഏകദേശം അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ കനോലിക്കനാല്‍ ഒഴുകുന്നു. പൌരാണികകാലം മുതല്‍ക്കേ ചരിത്രത്തില്‍ സ്ഥാനം പിടിച്ച പശ്ചിമതീരത്തെ തുറമുഖപട്ടണങ്ങളിലൊന്നാണ് പൊന്നാനി. എ.ഡി ഒന്നാം നൂറ്റാണ്ടിനോടടുത്ത് ഗ്രീക്ക് ഭാഷയില്‍ രചിക്കപ്പെട്ട “എരിത്രിയന്‍ കടലിലെ പെരിപ്ലസ്‌” എന്ന ചരിത്രഗ്രന്ഥത്തിലെ “തിണ്ടിസ്” പൊന്നാനി തന്നെയാണെന്ന് ചരിത്രകാരന്മാരില്‍ പലരും അഭിപ്രായപ്പെടുന്നു. സാമൂതിരിയുടെ ഭരണകാലത്ത് തങ്ങളുടെ രണ്ടാം തലസ്ഥാന നഗരി എന്ന നിലയ്ക്കാണ് പൊന്നാനിയെ കണ്ടിരുന്നത്. 1507-ല്‍ അല്‍മേഡ എന്ന പറങ്കിപ്പടനായകന്‍ സാമൂതിരിയുടെ നാവിക പടത്തലവനായ കുഞ്ഞാലിമരയ്ക്കാരെ തുരത്തുന്നതിന് ഈ നഗരം ചുട്ടെരിക്കുകയുണ്ടായി. പൊന്‍നാണയങ്ങളുടെ നാടാണ് പൊന്നാനി ആയതെന്നാണ് പൊന്നാനി എന്ന സ്ഥലനാമത്തിനു പിന്നിലുള്ള ഐതിഹ്യം. ഇന്ത്യാ രാജ്യത്തില്‍ ആദ്യമായി പൊന്നാനിയിലായിരുന്നു വാണിജ്യ രംഗത്ത് അറബിപ്പൊന്‍നാണയങ്ങള്‍ പ്രചാരത്തില്‍ വന്നത്. മറ്റു നഗരങ്ങളെ അപേക്ഷിച്ച് വിസ്തീര്‍ണ്ണം കുറവാണെങ്കിലും കേരളത്തില്‍ ജനസാന്ദ്രത കൂടിയ നഗരസഭകളില്‍ നാലാം സ്ഥാനം പൊന്നാനിക്കാണ്. 1977 നവംബര്‍ 15-നാണ് പൊന്നാനി നഗരസഭ രൂപീകൃതമായത്. 1979 സെപ്തംബര്‍ 30 വരെ ഇവിടം സ്പെഷ്യല്‍ ഓഫീസറുടെ ഭരണത്തിന്‍ കീഴിലായിരുന്നു. 1979 സെപ്തംബറിലാണ് ആദ്യ ജനകീയ ഭരണസമിതി അധികാരത്തില്‍ വന്നത്. പൊന്നാനി നഗരസഭയുടെ പ്രഥമ നഗരപിതാവായി അവരോധിതനായത് ഇ.കെ.അബൂബക്കര്‍ ആയിരുന്നു.

 

പൊതുവിവരങ്ങള്‍

ജില്ല                                         : മലപ്പുറം 
വിസ്തീര്‍ണ്ണം                               : 9.32 ച.കി.മീ
കോഡ്                                     : M100200
വാര്‍ഡുകളുടെ എണ്ണം                 : 51 
ജനസംഖ്യ                                : 83704
പുരുഷന്മാര്‍‍                               : 41383
സ്ത്രീകള്‍‍                                     : 42321
ജനസാന്ദ്രത                              : 5555
സ്ത്രീ : പുരുഷ അനുപാതം             : 1067
മൊത്തം സാക്ഷരത                   : 69.59
സാക്ഷരത (പുരുഷന്മാര്‍ )            : 68.14
സാക്ഷരത (സ്ത്രീകള്‍ )                  : 71.05
Source : Census data 2001   

map